കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി. സിപിഎം ലോക്കൽ കമ്മറ്റി അംഗം കെ. രതീശാണ് 4.75 കോടി രൂപയുമായി മുങ്ങിയത്.
ക്രമക്കേടില്‍ രതീശനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തു. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി.
പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചതെന്നും കണ്ടെത്തി. ജനുവരി മുതല്‍ പല തവണകളായിട്ടാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തുടര്‍ന്ന് വിവരം സഹകരണ സംഘം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയതായാണ് സൂചന. ക്രമക്കേടില്‍ കേസെടുത്തതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രതീശനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്
.

