തിരുവല്ല ∙ നിരണം സർക്കാർ താറാവു ഫാമിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയതിനെ തുടർന്ന് താറാവ് കർഷകർ ആശങ്കയിൽ. രോഗം ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ സേനാംഗങ്ങളെത്തി കൊന്നു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊല്ലാൻ ഇന്നലെ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു.
കൂടാതെ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ഇൻഫെക്ടഡ് സോണായും പത്തുകിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിച്ചിരുന്നു. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന പക്ഷികളെയാണു കൊല്ലാം നിർദ്ദേശിച്ചിരുന്നത് . താറാവും കോഴിയും അടക്കമുള്ള കാൽലക്ഷത്തിലേറെ പക്ഷികളെ കൊല്ലാനാണ് തീരുമാനം.
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ഏക താറാവു വളർത്തൽ കേന്ദ്രമാണ് നിരണത്തേത്. നാലായിരത്തിലേറെ താറാവുകളാണ് ഇവിടെയുള്ളത്. ഒരാഴ്ച മുമ്പ് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. രോഗബാധ സംശയിച്ച്, ചത്ത താറാവുകളുടെ സാംപിളുകൾ ഭോപ്പാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് എത്തിയത്. അതോടെയാണ് രോഗബാധ പടരുന്നതു തടയാൻ താറാവുകളെ കൊല്ലാൻ തീരുമാനിച്ചത്.
Discussion about this post