കൊച്ചി : പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ നവവരനും പോലീസിനുമെതിരേ യുവതി. കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചുവെന്നും യുവതി പറഞ്ഞു.
പരാതി കൊടുക്കാൻ പോയപ്പോൾ ഇതെല്ലാം സർവസാധാരണ സംഭവമാണെന്ന മറ്റായിരുന്നു പോലീസിന്റെ പ്രതികരണമെന്നും യുവതി ആരോപിക്കുന്നു. കൊലപാതക ശ്രമം നടന്നിട്ടും മർദ്ദനത്തിനത്തിന് മാത്രമാണ് കേസെടുത്തതെന്നും പ്രതി കുറ്റപ്പെടുത്തി.
മർദ്ദിക്കുന്ന സമയത്ത് രാഹുൽ മദ്യപിച്ചിരുന്നു. ബാക്കി സ്വർണം എപ്പോൾ കിട്ടും, എന്റെ കാറെവിടെ, സ്ത്രീധനം കുറഞ്ഞു പോയി ഇതിൽ കൂടുതൽ ലഭിക്കാൻ അർഹനാണ് താൻ എന്നെല്ലാം പറഞ്ഞാണ് തന്നെ മർദ്ദിച്ചത്. മർദ്ദനം നടന്ന അന്ന് രാവിലെ രാഹുലും അമ്മയും ചേർന്ന് വാതിൽ അടച്ച് എന്തൊക്കെയോ ചർച്ചകൾ നടത്തിയിരുന്നു. അത് എന്താണെന്ന് ചോദിച്ച തന്നോട് അത് നീ അറിയണ്ട എന്നാണ് രാഹുൽ പറഞ്ഞതെന്നും യുവതി പറഞ്ഞു.
കരണത്തടിയേറ്റ് താൻ ബെഡിൽ വീണു, പിന്നീട് തലയുടെ ഇടതു ഭാഗത്തും വലതുഭാഗത്തും മുഷ്ടി ചുരുട്ടി ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിളെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു, കുനിച്ച് നിർത്തി പുറത്തിടിച്ചു. കഴുത്തിലും ചുണ്ടിലും നഖം വച്ചമർത്തി, ഡോർ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വസ്ത്രത്തിൽ പിടിച്ച് വലിച്ച് ബെഡിലേക്കിട്ട് ബെൽറ്റ് വച്ച് അടിച്ചു. ചെവിയുടെ ഭാഗത്തേറ്റ അടിയിൽ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു. അതോടെ എന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു.
വിവാഹ ശേഷം ഞാൻ എന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല. അത് രാഹുലിന്റെ കയ്യിലായിരുന്നു. അടുക്കള കാണലിന് വീട്ടിൽനിന്ന് ബന്ധുക്കൾ വന്നപ്പോഴാണ് എന്റെ അവസ്ഥ അവർക്ക് മനസ്സിലായത്. കുളിമുറിയിൽ വീണെന്നാണ് ഞാനാദ്യം പറഞ്ഞത്. അങ്ങനെയേ പറയാവൂ എന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. കഴുത്തിലെയും മറ്റും പാട് കണ്ട് സംശയം തോന്നി വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് മർദ്ദനത്തിന്റെ കാര്യം പറയുന്നത്. ഉടനെ തന്നെ അവരെന്നെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടു പോരുകയായിരുന്നു.
Discussion about this post