എറണാകുളം: മൂവാറ്റുപുഴ നഗരസഭയില്‍ തെരുവുനായകള്‍ക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി. 3 ദിവസത്തിനുള്ളിൽ 4 വാർഡുകളിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി വാക്സിൻ നൽകാനാണ് നഗരസഭയുടെ തീരുമാനം.
വാക്സിന് നല്കിയ നായകളെ രണ്ടാഴ്ച പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷമായിരിക്കും തുറന്ന് വിടുക. അതേസമയം നഗരസഭ പരിധിയിലെ മറ്റ് വാർഡുകളിലെ തെരുവുനായകളെ പിടികൂടിയ സ്ഥലത്ത് വച്ച് തന്നെ വാക്സിൻ നൽകി വിട്ടയച്ചു. ഇവയെ തിരിച്ചറിയാന്‍ ശരീരത്തിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് (മെയ് 9) മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നായ കുട്ടികളടക്കം 9 പേരെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ കൂട്ടിലടച്ച നായ ചത്തു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
കടിയേറ്റ മുഴുവന്‍ പേര്‍ക്കും പേവിഷ ബാധ പ്രതിരോധിക്കാനുള്ള വാക്സിന് അടക്കം നല്‍കിയിരുന്നു. നിലവില്‍ എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. മണിക്കൂറുകളോളം സമയം ഓടി നടന്ന നായ തെരുവു നായകളെ കടിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് തെരിവുനായകള്ക്ക് വാക്സിന് നൽകുന്നത്.
Discussion about this post