തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷിയിടത്തെ ബാധിച്ചതായും 257 കോടിയുടെ നഷ്ടമുണ്ടായതായും വിദഗ്ധസമിതി റിപ്പോർട്ട്. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍. സംസ്ഥാനമെമ്പാടുമായി ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന 2800 ഹെക്ടറിലധികം വാഴക്കൃഷിയും നശിച്ചു.
വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിവിധ ജില്ലകളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി പ്രസാദിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം തേടാനാണ് തീരുമാനം
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത കൃഷിനാശം. ഏലം, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് വരള്‍ച്ച എന്നാണ് വിലയിരുത്തല്‍.
ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. 175.54 കോടിയാണ് ഇടുക്കിയിലെ നഷ്ടം. വിളകളുടെ വളര്‍ച്ച, ഉത്പാദനത്തിലെ ഇടിവ്, ദീര്‍ഘകാല ദൂഷ്യഫലങ്ങള്‍, വിള ആരോഗ്യം, വിളനാശം തുടങ്ങിയ ഘടകങ്ങളാണ് സമിതി വിലയിരുത്തിയത്.
Discussion about this post