ജുൻജുനു: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. എട്ട് പേരെ ഖനിയിൽ നിന്നും പുറത്തെടുത്തു. ബാക്കിയുള്ള 6 പേരെ ലിഫ്റ്റിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.
കോലിഹാൻ ഖനിയിൽ 577 മീറ്റർ താഴ്ചയിൽ കുടുങ്ങിയവരെയാണ് പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ ശേഷം ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖനിയിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജുൻജുനു സർക്കാർ ആശുപത്രിയിലെ ഡോ. പ്രവീൺ ശർമ്മ പറഞ്ഞു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ജയ്പൂരിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജിലൻസ് സംഘവും പരിശോധനയ്ക്കായി ഷാഫ്റ്റിൽ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. അവർ മുകളിലേക്ക് വരാൻ ഒരുങ്ങുമ്പോൾ ‘കൂട്ടിൻ്റെ’ കയറ് പൊട്ടിയതിനാൽ 14 ഓളം ഉദ്യോഗസ്ഥർ കുടുങ്ങിയതായി പോലീസ് പറഞ്ഞു.
ഒൻപത് ആംബുലൻസുകൾ പ്രവേശന കവാടത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

