തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റേ നടപടി ചട്ടവിരുദ്ധം. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതോടെ അഖിലേന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ അറ്റന്‍ഡന്‍സ് ചട്ടങ്ങള്‍ കളക്ടര്‍ ലംഘിച്ചെന്നാണ് കണ്ടെത്തൽ.
സംഭവം ചർച്ചയായതോടെ കലക്ടറെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി.അശോക് രംഗത്ത് വന്നിരുന്നു. കളക്ടറെ വിമര്‍ശിച്ച ജോയിന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വീസ് ചട്ടം തന്നെ നിരത്തിയാണ് ജോയിന്‍ കൗണ്‍സിലിന്റെ പ്രത്യാക്രമണം. 1954-ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് മെഡിക്കല്‍ അറ്റന്റന്‍സ് ചട്ടത്തിലെ ചട്ടം 7(1) ഉം ചട്ടം 8(1)ഉം എന്താണെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നാണ് സംഘടനയെ പിന്തുണയ്ക്കുന്നവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്.
അഖിലേന്ത്യാ സിവില്‍ സര്‍വീസ് മെഡിക്കല്‍ അറ്റന്‍ഡന്‍സ് ചട്ടത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ചട്ടം ഏഴ് പ്രകാരം കളക്ടര്‍ ജോലി ചെയ്യുന്ന സ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയിൽ സൗജന്യ ചികിത്സ നല്‍കേണ്ടതാണ്. ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യമില്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്ത് സ്വകാര്യ ആശുപത്രിയില്‍ ഒരു സര്‍ക്കാര്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ചികിത്സ തേടാം. ചികിത്സയ്ക്ക് ചിലവായ തുക പിന്നീട് തിരികെ ലഭിക്കും.
ഇനി കളക്ടര്‍ക്ക് ഒരു ഡോക്ടറെ വിളിച്ചുവരുത്തേണ്ടി വന്നാല്‍ അതിനും വ്യവസ്ഥകളുണ്ട്. അനുയോജ്യമായ ആശുപത്രിയുടെ അഭാവം, ദൂര കൂടുതല്‍, രോഗത്തിന്റെ ഗുരുതരാവസ്ഥ എന്നിവ കണക്കിലെടുക്കുമ്പോള്‍ ചട്ടം 7(1) പ്രകാരമുള്ള ചികിത്സ നല്‍കാനാകില്ലെന്ന് ഡോക്ടര്‍ വിലയിരുത്തിയാല്‍ വീട്ടില്‍ ചികിത്സ നല്‍കാം. അതാണ്ചട്ടം 8(1).
എന്നാല്‍ കുഴിനഖമെന്ന ഗുരുതരമല്ലാത്ത ഒരു ആരോഗ്യ പ്രശ്‌നത്തിന് തിരക്കേറിയ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഒപി സമയത്ത് ഡോക്ടറിനെ വിളിച്ചുവരുത്തിയത് ചട്ടപ്രകാരം തെറ്റാണ്. കളക്ടറിന്റെ വസതിക്ക് ഒരു കിലോമീറ്ററിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിരിക്കെ അങ്ങോട്ട് പോകാതെ ഡോക്ടറെ വിളിച്ചുവരുത്തിയത് ചട്ട ലംഘനമാണെന്നാണ് വിലയിരുത്തൽ.
Discussion about this post