കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടയിൽ താരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ രാധാകൃഷ്ണനെതിരെ പാർട്ടി പ്രവർത്തകരുടെ രൂക്ഷമായ പ്രതിഷേധവും പരിഹാസവും.
‘പുഴു’ സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായികയുടെ ഭർത്താവിൻ്റെതായി ഒരു ഓൺലൈൻ ചാനലിൽ വന്ന അഭിമുഖമാണ് വിവാദത്തിന് തുടക്കമിട്ടത്. മമ്മൂട്ടിയുടെ
താത്പര്യ പ്രകാരമാണ്, ഹിന്ദു സമുദായത്തെ അവഹേളിക്കുന്ന പ്രമേയത്തിൽ ‘പുഴു’ സിനിമ പുറത്തിറങ്ങിയതെന്നുൾപ്പെടെ സി.പിഎം നേതാക്കളുടെ ബെനാമി ഇടപാടുകളടക്കം തുറന്ന് കാട്ടുന്നതാണ് അഭിമുഖം. അഭിമുഖം പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സമീപ കാലങ്ങളിലായി മമ്മൂട്ടിയുടെതായി പുറത്തു വന്ന സിനിമകൾ പ്രത്യേക അജണ്ടകൾ മുന്നോട്ട് വയ്ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാർ – ബി.ജെ.പി അണികൾ കടുത്ത ആക്രമണമാണ് സൈബറിടത്തിൽ നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ‘മട്ടാഞ്ചേരി മാഫിയ ‘ ക്ക് നേതൃത്വം നൽകുന്നത് മമ്മൂട്ടിയാണ് എന്ന ആരോപണവും ശക്തമാണ്. സിനിമയിലെ ഇസ്ലാമിസ്റ്റ് ഫ്രാക്ഷന് പിന്തുണ നൽകുന്ന താരമാണ് മമ്മൂട്ടിയെന്നും ആരോപണം ഉയരുന്നുണ്ട്.
മുൻ ഡി.വൈഎഫ് ഐ – സി.പിഎം നേതാവും, വ്യവസായിയുമായ മാഹി സ്വദേശി ഷർഷാദാണ് മമ്മൂട്ടിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്. വിവാദം കനത്തതോടെ മമ്മൂട്ടിയെ പ്രതിരോധിക്കാൻ സി.പി എം നേതാക്കൾ നേരിട്ട് രംഗത്തിറങ്ങി. ഇതോടെ മമ്മൂട്ടിയുടെ പേരിൽ സൈബറിടത്തിൽ സംഘപരിവാർ – സി.പിഎം ഏറ്റുമുട്ടൽ ശക്തമാവുകയും ചെയ്തു. ഇതിനിടയിലാണ് എ എൻ രാധാകൃഷ്ണൻ മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചും, പ്രവർത്തകരെ തിരുത്തിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. ഇതോടെ രാധാകൃഷ്ണനെതിരെ പ്രവർത്തകരുടെയിടയിൽ നിന്നും കടുത്ത വിമർശനമാണുണ്ടായത് . രൂക്ഷമായ പരിഹാസവും, തെറി വിളിയും കമൻ്റ് ബോക്സിൽ ഉയരുന്നുണ്ട്. അതേ സമയം അഭിമുഖത്തിൽ ഷർഷാദ് ആരോപണം ഉന്നയിക്കുന്ന പ്രവാസിയും, ബിസിനസുകാരനുമായ രാജേഷ് കൃഷ്ണയുമായി എ.എൻ രാധാകൃഷ്ണന് എന്താണ് ബന്ധം എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ബെനാമി ഇടപാടുകൾ നിയന്ത്രിക്കുന്നത് രാജേഷ് കൃഷ്ണൻ ആണെന്നാണ് അഭിമുഖത്തിലെ പ്രധാന ആരോപണം.

