തിരുവനന്തപുരം: മസ്‌ക്കറ്റില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് നമ്പി രാജേഷിനെ അവസാനമായി കുടുംബത്തിന് കാണാന്‍ പോലും സാധിച്ചിരുന്നില്ല. രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. ഇതിനുശേഷം കരമനയിലെ വീട്ടിലേക്ക് കൊണ്ടുവരും.
ഒമാനില്‍ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായിരുന്നു പ്രവാസിയായ നമ്പി രാജേഷ്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ അടുത്തെത്താന്‍ ബന്ധുക്കള്‍ക്കായില്ല. കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും രാജേഷിന്റെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്നുച്ചയോടെ ശാന്തികവാടത്തില്‍ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക.

