തിരുവന്തപുരം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതിൽ തീരുമാനമെടുക്കുമെന്ന് ഗവർണർ പറഞ്ഞു. വിഷയം സംസാരിക്കേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നും ഗവർണർ പറഞ്ഞു.
ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് യുവതി പൊലീസിന് നൽകിയത്. ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. തന്നെ മർദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നു. രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.
Discussion about this post