കൊച്ചി : പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. യുവതി ഗർഭിണിയായത് ബലാത്സംഗം ചെയ്യപ്പെട്ടതു മൂലമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാർട്ട്മെന്റിനു മുന്നിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. തുടർന്ന് അഞ്ചാം നിലയിൽ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. പുലർച്ചെ 5 മണിയോടെ വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാൻ വായിൽ തുണി തിരുകി വച്ചു. യുവതി ഗർഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകർ അറിഞ്ഞിരുന്നില്ല. അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തയായ യുവതി കയ്യിൽ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലയ്ക്കും പൊട്ടലുണ്ടായിരുന്നു. കടുത്ത അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post