കോഴിക്കോട്: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടാണ്. ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയിലാക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന് അർഹമായ നഷ്ടപരിഹാരം നൽകുകയും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള ശസ്ത്രക്രിയ പിഴവുകൾ സംസ്ഥാനത്ത് സ്ഥിരം വാർത്തയാവുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ഇതിന് മുമ്പും വലിയ പിഴവുകളുണ്ടായിട്ടുണ്ട്. ആലപ്പുഴയിലും സമാനമായ സംഭവമുണ്ടായി. സർക്കാർ ആശുപത്രികൾ നരകങ്ങളാവുമ്പോൾ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിപ്പോയ ഞെട്ടിക്കുന്ന സംഭവവും ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സിപിഎമ്മുകാരനായ താത്ക്കാലിക ജീവനക്കാരൻ പീഡിപ്പിച്ചതും അതിനെതിരെ പ്രതികരിച്ച വനിതാ ഉദ്യോഗസ്ഥയെ സർക്കാർ വേട്ടയാടിയതും കേരളം കണ്ടതാണ്. പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.
Discussion about this post