പട്ന: ബിഹാറിലെ ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ടൈനി ടോട്ട് അക്കാദമി എന്ന സ്കൂളിന്റെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്കൂളിന് തീയിട്ടു.
തലേദിവസം സ്കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം സ്കൂളിന്റെ ഓടയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം സ്കൂളിലെത്തി അന്വേഷിച്ചു. എന്നാല്‍ അതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കിയ മറുപടി. സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്കൂളിന് തൊട്ടടുത്ത ഓടയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രകോപിതരായ മാതാപിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും റോഡുകള്‍ തടഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ സ്കൂള്‍ പരിസരവും അടിച്ചുതകര്‍ക്കുകയായിരുന്നു.
കുട്ടി സ്കൂളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും പുറത്തിറങ്ങുന്നത് ദൃശ്യങ്ങളില്ലെന്ന് പട്ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു .
Discussion about this post