തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നത്തെ എംപിയും അന്നത്തെ പാർട്ടി ചാനലിൻ്റെ മേധാവിയുമായിരുന്ന ജോൺ ബ്രിട്ടാസാണ് അതിന് ഒത്താശ ചെയ്തതെന്ന മുണ്ടക്കയത്തിൻ്റെ ആരോപണം ഗൗരവതരമാണ്. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സിപിഐഎം ശ്രമിച്ചത്. എന്നാൽ ബിജെപിയായിരുന്നു അന്ന് പ്രതിപക്ഷത്തിൻ്റെ ധർമ്മം നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലേറിയപ്പോൾ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീർക്കൽ പദ്ധതി നടപ്പിലാക്കി. ടിപി ചന്ദ്രശേഖരൻ്റെ കേസുമായാണ് സോളാർ കേസ് ഒത്തുതീർപ്പാക്കിയതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ തന്നെ പരസ്യമായി ആരോപിച്ചിരുന്നു. ഇപ്പോഴും ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുന്ന യുഡിഎഫ് കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആത്മാഭിമാനമുണ്ടെങ്കിൽ കെകെ രമയും ആർഎംപിയും യുഡിഎഫ് സഖ്യം വിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post