ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾ എംപി നേരിട്ടത് ക്രൂര മർദനമെന്ന് പൊലീസ് എഫ്ഐആർ. ഏഴുതവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചതായും, നെഞ്ചിലും വയറ്റിലും ചവിട്ടിയാതായും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സ്വാതി കേജ്രിവാളിന്റെ വസതിയിലെത്തിയത്. കേജ്രിവാളിനെ കാത്ത് സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേയ്ക്ക് കടന്നുവന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു. സ്വീകരണ മുറിയിൽ വലിച്ചിഴച്ചുവെന്നും സ്വാതി പറയുന്നുണ്ട്. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നുവെന്നും മർദിക്കരുതെന്നും ബൈഭവിനോട് പലതവണ പറഞ്ഞു. എന്നാൽ ബൈഭവ് മർദനം തുടരുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്തമാക്കുന്നു.
അതേസമയം നിലവിൽ ബൈഭവ് കുമാർ പഞ്ചാബിലാണ്. മുൻകൂർ ജാമ്യം തേടി ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു.
Discussion about this post