ചെന്നൈ: കുറ്റാലത്ത് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ വിനോദസഞ്ചാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവാവ് ഒലിച്ചുപോകുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്നു. അതിനിടെയാണ് യുവാവ് ഒലിച്ചുപോയത്. കാണാതായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, തമിഴ്‌നാട്ടില്‍ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് യാത്ര ഒഴിവാക്കണമെന്നാണ് നിലഗിരി കളക്ടറുടെ നിര്‍ദേശം. ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

