മുംബൈ: മുംബൈയിലെ ഘട്കോപ്പറില്‍ എമിറേറ്റ്‌സ് വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു. വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍ ചിതറിക്കിടന്നു. പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി.
310 യാത്രക്കാരായിരുന്നു എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈയിലെ ലക്ഷ്മി നഗർ മേഖലയിൽ വെച്ചാണ് കൂട്ടമായി പറക്കുകയായിരുന്ന ഫ്ലെമിംഗോകളെ വിമാനം ഇടിച്ചത്. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വിവരം ലഭിച്ചയുടന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ , എയര്‍ ട്രാഫിക് കണ്‍ട്രോള്‍ , വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. 39 ഫ്‌ളമിംഗോ പക്ഷികളുടെ കൂട്ടങ്ങള്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഡിസംബര്‍ മുതല്‍ മെയ് വരെ പ്രദേശത്ത് ഫ്‌ളമിംഗോ പക്ഷികള്‍ ധാരാളമുണ്ട്. വേലിയേറ്റ സമയത്താണ് ഈ പക്ഷികളെ കൂടുതലായി കാണാറുള്ളത്.
Discussion about this post