കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോർട്ട്. വകുപ്പ് തല അന്വേഷണ സംഘത്തിന്റെതാണ് കണ്ടെത്തൽ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശാനുസരണമാണ് അന്വേഷണം നടത്തിയത്.
ആശുപത്രി സൂപ്രണ്ട്, മറ്റു ഡോക്ടർമാർ, ശസ്ത്രക്രിയ നടത്തിയ അസോസിയറ്റ് പ്രഫ. ബിജോൺ ജോൺസൺ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തിരുന്നു. കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിച്ച പൊലീസിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് വിശദമായ റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിച്ചത്.
നാലു വയസ്സുകാരിയുടെ മെഡിക്കൽ രേഖകളും സംഘം പരിശോധിച്ചിരുന്നു. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്ക് കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Discussion about this post