തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കാണ് ശിക്ഷ. സ്വർണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായിരുന്നു റഫീക്കാ ബീവി. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്. മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.
Discussion about this post