ഡെറാഢൂണ്‍: പ്രതിയെ പിടികൂടാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പൊലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസറെ പിടികൂടാനാണ് ഋഷികേശിലെ എയിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് പൊലിസ് ജീപ്പുമായി എത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തിന് വഴിയൊരുക്കുന്നതും വീഡിയോയില്‍ കാണാം.ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച് നഴ്‌സിങ് ഓഫീസര്‍ വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. നഴ്‌സിങ് ഓഫീസറായ സതീഷ് കുമാര്‍ വനിതാ ഡോക്ടര്‍ക്ക് അശ്ലീല ചുവയോടെ ഫോണില്‍ സന്ദേശമയച്ചെന്ന പരാതിയും ലഭിച്ചതായി ഋഷികേശ് പൊലീസ് ഓഫീസര്‍ ശങ്കര്‍ സിങ് പറഞ്ഞു.
ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ പോലീസ് പ്രതിയെ പിടികൂടാനായി വാഹനവുമായി അകത്തേക്ക് കയറുകയായിരുന്നു. സസ്പെന്‍ഷനിലുള്ള സതീഷിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
Discussion about this post