കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന പാചക വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോയ ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്.സംസ്ഥാന പാതയിൽ ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
രാവിലെ ഏഴരയോടെ വാഹനം ഓടിക്കുന്നതിനിടയിൽ സംശയം തോന്നിയ ഡ്രൈവർ വണ്ടി റോഡരികിലേക്ക് മാറ്റി നിർത്തി പരിശോധിച്ചപ്പോഴാണ് ചോർച്ച കണ്ടെത്തിയത്. ഉടൻ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു.
കാഞ്ഞങ്ങാട്, കാസറഗോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി രണ്ടര മണിക്കൂർ പണിപ്പെട്ടാണ് ചോർച്ച അടച്ചത്. പാചക വാതകം പൂർണ്ണമായും മറ്റൊരിടത്തേക്ക് മാറ്റിയാൽ മാത്രമേ ഇത് വഴി ഗതാഗതം പുനസ്ഥാപിക്കൂ
മൂന്നു ടാങ്കറുകളിലായാണ് പാചക വാതകം മാറ്റുക.ഏഴുമണിക്കൂർ ഇതിനായി വേണ്ടി വരും.500 മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. കുമ്പളയിൽ നിന്നും വലിയ കുഴിയിലേക്ക് വീണപ്പോൾ ലീക്ക് ഉണ്ടായതകമെന്നാണ് ഡ്രൈവർ പറയുന്നത്. മംഗ്ളൂരിൽ നിന്നും അൽപ സമയത്തിനുള്ളിൽ ഇവൊക്കേഷൻ ടീം എത്തും.

