ഡൽഹി: അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് സ്വാതി മലിവാൾ എംപി. പോരാടാൻ തന്നെയാണ് തീരുമാനം. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും അവർ വ്യക്തമാക്കി.
അതിനിടെ സ്വാതി മലിവാളിൻ്റെ പരാതിയിൽ കെജ്രിവാളിനെ കൂടി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് എഎപിയുടെ ആരോപണം. ഇന്നലെ തൻ്റെ വയോധികരായ മാതാപിതാക്കളെ അന്വേഷണത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മര്‍ദ്ദനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് കെജ്രിവാളിന്റെ വീട്ടിലുണ്ടായിരുന്ന 85 വയസ് പിന്നിട്ട മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കം ഡൽഹി പൊലീസ് ഉപേക്ഷിച്ചിരുന്നു.
സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തുണ്ട്. കെജ്രിവാളിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്ന്ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാർട്ടിയായി മാറിയിരിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ കെജ്രിവാൾ സ്വാതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
Discussion about this post