തിരുവനന്തപുരം: കേരളത്തിൽ ഡൽഹി മോഡൽ ബാർ കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അവസ്ഥ വരും മുൻപ് പിണറായി വിജയൻ രാജിവയ്ക്കുന്നതാണ് നല്ലതെന്നും സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പു നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ, പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്കു വേണ്ടിയുള്ളതാണെന്നും. ഇത് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിന്റേതിനു സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ടു പോകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഡൽഹി ബാർ കോഴ കേസിൽ ജയിലിലായ കേജ്രിവാളിനെ പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും രംഗത്തു വന്നത് സ്വന്തം താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക ജീവിതം തകർക്കുന്ന ബാർ കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post