ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടർമാരോട് കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം വളരുന്നത് ജനങ്ങൾ അതിൽ ഇടപെടുമ്പോഴാണെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഓരോ വോട്ടുകളും പ്രധാനപ്പെട്ടതാണ്. ജനങ്ങൾ കൂടി സജീവമായി പങ്കാളികളാകുമ്പോഴാണ് ജനാധിപത്യം വളരുന്നതെന്നും അതുകൊണ്ട് തന്നെ എല്ലാവരും പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം പ്രീണനനയങ്ങൾക്കും അഴിമതിക്കുമെതിരെ വോട്ട് രേഖപ്പെടുത്തണമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കുറിച്ചത്. ” ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഒഡിഷ, പശ്ചിമ ബംഗാൾ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി ഇന്ന് നടക്കുന്ന ആറാം ഘട്ടത്തിൽ എല്ലാ വോട്ടർമാരും അവരുടെ അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന, വികസനം ഉറപ്പാക്കുന്ന, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കാൻ ഈ അവസരം വിനിയോഗിക്കണം. സ്വജനപക്ഷപാതത്തിന്റേയും പ്രീണനത്തിന്റേയും അഴിമതിയുടേയും പുഴുക്കുത്തുകൾ അവസാനിപ്പിക്കാൻ എല്ലാവരും അവരുടെ അവകാശം വിനിയോഗിക്കണമെന്നും അമിത് ഷാ കുറിച്ചു.
Discussion about this post