കോട്ടയം: ഗൂഗിള്‍ മാപ്പില്‍ നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന നാല് ഹൈദരബാദ് സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കാറിലുണ്ടായിരുന്നത് ഹൈദരബാദ് സ്വദേശികളായതിനാല്‍ ഇവര്‍ക്ക് വഴി ഒട്ടും പരിചയമുണ്ടായിരുന്നില്ല. റോഡില്‍ നിന്ന് ഗൂഗിള്‍ മാപ്പ് കാണിച്ചതനുസരിച്ച് ഇടത്തേക്ക് തിരിച്ചപ്പോഴാണ് തോടാണെന്നറിയാതെ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞത്. യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഉടന്‍തന്നെ രക്ഷപ്പെടുത്തിയത്.
കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ തോട്ടിലേക്ക് ഗൂഗിൾ മാപ്പ് തെറ്റായി കാണിച്ച പാതയാണ് അപകടത്തിലേക്ക് നയിച്ചത്.
Discussion about this post