കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി സലീമിനെ ഇന്നലെ ആന്ധ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്. മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് നാട്ടുകാർ പാഞ്ഞടുത്തത്.
രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. തുടക്കത്തില്‍ നാട്ടുകാര്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് രോഷാകുലരാകുകയായിരുന്നു. എന്തിനാണ് പ്രതിയെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു ജനം രോഷാകുലരായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടിച്ചകൂടിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സ്ഥലത്തുനിന്ന് പൊലീസ് കൊണ്ടുപോയത്.
നാടിനെ ഞെട്ടിച്ച പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടിൽ നിന്ന് മാറിയത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ആന്ധ്രപ്രദേശില്‍ ഒളിവില്‍ കഴിയവെയാണ് സലിം പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നത്.
മെയ് 15നാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തൊട്ടടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചത്. പ്രതി മലയാളം സംസാരിക്കുന്നയാളാണെന്നും പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ദൃശ്യങ്ങളും ലഭിച്ചു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റൊരു ഫോണില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് വീട്ടിലേക്ക് വിളിച്ചു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഫോണ്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ സലീമിനെക്കുറിച്ച് സൂചന ലഭിച്ചു. ഒടുവില്‍ ആസൂത്രിതമായ നീക്കത്തിനൊടുവില്‍ ഇന്നലെ രാത്രി സലിം പൊലിസിന്റെ വലയിലായി.
Discussion about this post