കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമർശനം.
”ഈ സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നത്. ആവേശം എന്ന സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. നമുക്കൊരു പാട്ടുപാടാമെന്ന് പറഞ്ഞാൽ നിങ്ങൾ ഇല്ലുമിനാറ്റി എന്ന് പറയും. ഇല്ലുമിനാറ്റി എന്താണെന്ന് നിങ്ങൾക്ക് അറിയുമോ. നമ്മുടെ മതവിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണത്. പരമ്പരാഗത സങ്കൽപ്പങ്ങളെ ഇല്ലാതാക്കുന്ന സംഘടനയാണത്. ആ സന്ദേശമാണ് പാട്ടിലൂടെ സിനിമ നൽകുന്നത്. പ്രേമലുവിലും അടിയും കുടിയുമാണ്. മഞ്ഞുമ്മൽ ബോയ്‌സിൽ യാത്ര തിരിക്കുമ്പോൾ മുതൽ മദ്യപാനമാണ്.” – ബിഷപ്പ് കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ലെന്നും ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
കേരളത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്നാണ് സിറോ മലബാർ സഭയുടെ നിലപാട്. ഈ നിലപാട് തന്നെയാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെന്ന വാദത്തിൽ ബിഷപ്പ് ജോസഫ് കരിയിലും ഉയര്‍ത്തിപ്പിടിക്കുന്നത്. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയമാണെന്ന് സിറോ മലബാര്‍ സഭ വിമര്‍ശിച്ചിരുന്നു.
Discussion about this post