പുൽപള്ളി: സ്വന്തം വീട് ചിതൽപ്പുറ്റ് കയ്യേറിയതോടെ ഒരു അമ്മയ്ക്കും മകള്‍ക്കും വീട് വിട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ്. വയനാട് ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകൾക്കുമാണു ചിതലുകൾക്കു വീട് വിട്ടുകൊടുക്കേണ്ടി വന്നത്. വീട്ടിനുള്ളിലെ പുറ്റ് തട്ടിക്കളഞ്ഞാലും അടുത്ത ദിവസം അതിലും വലുതുണ്ടാവുന്നു. ഇതോടെ ഒരു തരത്തിലും വീട്ടിൽ താമസിക്കൻ സാധിക്കാത്ത അവസ്ഥയായി. നിലവിൽ കോളനിയില്‍ തന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലാണ് ബിന്ദുവും മകളും താമസിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയതാണ് ബിന്ദുവിന്റെ വീട്. വീട്ടില്‍ താമസമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പ്രശ്നെ തുടങ്ങിയിരുന്നു. സിമന്റ് തറയില്‍ വളരുന്ന പുറ്റ് തട്ടിക്കളയാറായിരുന്നു പതിവ്. എന്നാല്‍ പിന്നീട് പുറ്റിന്റെ വളര്‍ച്ചയ്ക്ക് ശക്തിയേറി. പതിയെ വീട് മുഴുവന്‍ വലിയ ചിതല്‍പ്പുറ്റുകൾ നിറഞ്ഞു. വീടിന്റെ വരാന്തയിലും ഹാളിലും മുറികളിലുമെല്ലാം ചിതൽപ്പുറ്റ് നിറഞ്ഞതോടെ വീട് ചിതലുകൾക്കു വീട് വിട്ടുകൊടുക്കേണ്ട അവസ്ഥയായി .
ചിതല്‍പുറ്റുകളെ ഒഴിവാക്കാന്‍ പലമാര്‍ഗങ്ങളും പരീക്ഷിച്ചിട്ടും ഒന്നും ഫലം കണ്ടില്ല. വരാന്തയില്‍ ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞതിനാല്‍ ഇപ്പോള്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍പോലും കഴിയാത അവസ്ഥയാണ്. ചിതല്‍പ്പുറ്റിന് ചുറ്റും മാളങ്ങളുമുണ്ട്. വീട്ടില്‍ വലിയ ചിതല്‍പ്പുറ്റുകള്‍ വന്നത് ദൈവിക സാന്നിധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. ഇതിനാല്‍ വിശേഷ ദിവസങ്ങളില്‍ ബിന്ദുവിന്റെ വീട്ടിലെ ചിതല്‍പുറ്റുകള്‍ക്കു മുന്നില്‍ കോളനിവാസികള്‍ വിളക്ക് തെളിയിച്ച് പൂജ നടത്തിവരുന്നുണ്ട്.
Discussion about this post