കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടതോടെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. നിലവില്‍ മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. കനത്ത മഴയെ തുടർന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. പശ്ചിമ ബംഗാളിലെ തീരപ്രദേശത്ത് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ഖാപുപറയ്ക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും മധ്യേയാണ് റമല്‍ ചുഴലിക്കാറ്റ് കരതൊട്ടത്. കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്തനിവാരണ സേനയുടെ മരങ്ങള്‍ മുറിച്ച് മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. ആഘാതം ലഘൂകരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അസം, മേഘാലയ, ത്രിപുര, മിസോറാം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
നൂറുകണക്കിന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കൊല്‍ക്കത്തയിലും തെക്കന്‍ ബംഗാളിലും വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഈസ്റ്റേണ്‍, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം 21 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.
Discussion about this post