തിരുവനന്തപുരം: മേയർ – കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരേ രേഖകൾ. സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും കണ്ടക്ടർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയത് രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേ സമയം എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയെന്നതിന് സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്.
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി. കെ.എസ്.ആർ.ടി.സിയുടെ സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാർ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ സച്ചിൻ ദേവ് എം.എൽ.എയും മേയറുമടക്കം പറഞ്ഞത്. എന്നാൽ ഇതിനെതിരായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
അതേ സമയം, മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ.

