തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിര്‍മാണം നീണ്ടുപോകുന്നതിനെതിരെ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട ഭാഗങ്ങളില്‍ മണ്ണും കല്ലുമിട്ട് അടയ്ക്കുന്നത്. ശ്രീമൂലം ക്ലബ്ബിന് മുന്നിലായി പൈപ്പിടുന്നതിനായി എടുത്ത കുഴികള്‍ അടച്ചുകൊണ്ടാണ് പ്രതിഷേധം. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം.
വിദ്യാലയങ്ങൾ തുറക്കാൻ പോവുകയാണ്. ഈ കുഴികളിൽ വീണ് വിദ്യാർഥികൾക്ക് അപകടം സംഭവിച്ചാൽ ആര് ഇതിന് ഉത്തരവാദികളാവും? വിദ്യാലയങ്ങളുടെ സമീപമുള്ള എല്ലാ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഒരു ബിജെപി പ്രവർത്തകൻ പറഞ്ഞു.
മാസങ്ങളായി തുടങ്ങിയ നിര്‍മാണപ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയാക്കാനായില്ലെന്നും കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തുക അനുവദിച്ചു കിട്ടിയിട്ടും കൃത്യമായ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിട്ടില്ല. ജൂണ്‍ 15നുള്ളില്‍ തീര്‍ക്കുമെന്നാണിപ്പോള്‍ പറയുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയിക്കുന്നില്ലെന്നും എല്ലാ കുഴികളും മൂടികൊണ്ടുള്ള സമരം തുടരുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

