എറണാകുളം: അങ്കമാലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ എന്നറിയപ്പെടുന്ന ജോർജിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുക്കാനാണ് ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. വിവരം പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പോലീസുകാരെ അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.
Discussion about this post