മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണം നേരിടുന്ന രണ്ടു ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി മൂന്ന് ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തി. ആശുപത്രിയിലെ പ്യൂണായ അതുൽ ഖട്ട്കാംബ്ലെയാണ് തുക കൈമാറിയത്. കേസില്‍ പ്യൂണും അറസ്റ്റിലായിട്ടുണ്ട്.
പുണെയിലെ സസൂൺ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാർനോർ എന്നിവരെയാണ് പൂണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ഫൊറൻസിക് ലാബിന്റെ തലവനാണ് ഡോ. തവാഡെ. സംഭവ ദിവസം കൗമാരക്കാരന്റെ പിതാവും തവാഡെയും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് വിവരം. രണ്ടു ഡോക്ടർമാരുടെയും ഫോൺ അന്വേഷണസംഘം പിടിച്ചെടുത്തു. മദ്യപിച്ചോയെന്നറിയാനുള്ള പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്നാണ് ഇവർ റിപ്പോർട്ട് നൽകിയത്. എന്നാൽ ബാറിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളിൽ രാത്രിയിൽ 17-കാരൻ മദ്യപിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു.
17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു എന്നതാണ് കേസ്. ആല്‍ക്കഹോളിന്റെ അംശം 17കാരന്റെ ശരീരത്തില്‍ ഇല്ലെന്നതായിരുന്നു തുടക്കത്തിലെ രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Discussion about this post