തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങി. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട് റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായി വെള്ളം കയറിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഇന്ന് രാവിലെ ഏഴുമണി മുതലാണ് എറണാകുളത്ത് കനത്തമഴ അനുഭവപ്പെട്ട് തുടങ്ങിയത്. കനത്തമഴയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ദൃശ്യമായത്. ഇതുമൂലം പലര്‍ക്കും കൃത്യസമയത്ത് ഓഫീസില്‍ എത്താന്‍ സാധിച്ചില്ല. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കാല്‍നടയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. മഴയോടനുബന്ധിച്ചുള്ള ശക്തമായ കാറ്റില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ മരം വീണത് വാഹനഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി.
അതേസമയം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
Discussion about this post