തൃശ്ശൂർ : പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെയിൻ ഹോട്ടലിന് നിലവിൽ ലൈസൻസില്ലെന്ന വിവരമാണ് പുറത്ത് വന്നത്. ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചത് മറ്റൊരാളുടെ ലൈസൻസിലാണെന്നും നിലവിലെ നടത്തിപ്പുകാരനായ റഫീഖിന് ലൈസൻസ് കിട്ടിയിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. കാറളം സ്വദേശി ഷിയാസിന്റെ ലൈസൻസിലായിരുന്നു ഈ ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചിരുന്നത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെരിഞ്ഞനത്തെ സെയിൻ ഹോട്ടൽ ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരാണ് ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴിമന്തി പാഴ്സലായി വാങ്ങിയിരുന്നു. ഉസൈബ, സഹോദരി, അവരുടെ 12 ഉം 7 ഉം വയസ്സുള്ള മക്കൾ എന്നിവരാണ് ഇത് കഴിച്ചത്. കഴിഞ്ഞ ദിവസം സഹോദരിയെയും മക്കളെയും ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിഞ്ഞനം ആശുപത്രിയിലെത്തിച്ചു. ഇന്നലെയാണ് ഉസൈബയെ ശാരീരിക അസ്വസ്ഥതകളെത്തുടർന് ആദ്യം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുന്നത്.
Discussion about this post