തിരുവനന്തപുരം: ബസിൽ കയറുന്ന യാത്രക്കാരോട് ജീവനക്കാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസിൽ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും ബസിൽ കയറുന്ന യാത്രക്കാരാണ് യജമാനനെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ ഓരോ വിഭാഗങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോ പരമ്പരയുടെ ആദ്യഭാഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
ബസിൽ കയറുന്ന സഹോദരി സഹോദരന്മാരോട് വളരെ സ്നേഹത്തോടെ പെരുമാറണം. ഹൃദയംകൊണ്ട് സ്നേഹിക്കണമെന്നല്ല, മര്യാദയുള്ള ഭാഷ ഉപയോഗിച്ചാൽ മതി. അവര് നമ്മുടെ ബന്ധുക്കളാണ്, അമ്മയാണ്, സഹോദരിയാണ്, സുഹൃത്തുക്കളാണ്, മക്കളാണ് എന്ന നിലയിൽ കരുതണം. അത്തരത്തിൽ ഒരു പെരുമാറ്റം കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പല ഉദാഹരണങ്ങൾ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ബസിൽ കയറിവരുന്ന യാത്രക്കാരോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. കൂടെവരുന്നത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടറുടെ നടപടികൾ തെറ്റാണ്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്രചെയ്യാം. ഇന്ത്യൻ നിയമത്തിൽ അനുവദിക്കുന്നതാണ്. പുരോഗമന സംസ്കാരത്തിന്റെ ആൾക്കാരാണ് മലയാളികൾ. യാത്രക്കാരുടെ റിലേഷൻ അറിയേണ്ട ആവശ്യം നമുക്കില്ല. യാത്രക്കാർ വണ്ടിയിൽ വരണമെന്നേ ഉള്ളൂ. അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുതെന്നും മന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
രാത്രി എട്ടുമണി കഴിഞ്ഞാൽ സ്ത്രീകൾ എവിടെ നിർത്താൻ ആവശ്യപ്പെട്ടാലും നിർത്തണമെന്നും അതിന്റെ പേരിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം ജീവനക്കാർക്ക് ഉറപ്പുനൽകി. മദ്യപിച്ചുകൊണ്ട് ജീവനക്കാർ ജോലിക്ക് വരേണ്ട ആവശ്യമില്ല. മദ്യപിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post