കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക് സൊല്യൂഷൻസിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തൽ. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു എസ്എഫ്ഐഒ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്. അതിനിടെ, ഈ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്എൻസി ലാവ്ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്ഐഒ വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമെയാണ് അധികം കേട്ടുകേൾവിയില്ലാത്ത മറ്റു കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയതും. ദുബായിൽ റജിസ്റ്റർ ചെയ്ത ഈ സ്വകാര്യ സ്ഥാപനത്തിന്റെ സംയുക്ത അക്കൗണ്ടിന്റെ ഉടമകൾ മലയാളികളും അടുത്ത രാഷ്ട്രീയ ബന്ധമുള്ളവരുമാണ് എന്നാണു സൂചനകൾ.
Discussion about this post