തിരുവനന്തപുരം: വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായിപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ രണ്ടായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുളളത്. ഡൽഹിയിൽനിന്ന് എസ്പിജി സംഘവുമെത്തിയിട്ടുണ്ട്.
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി , നാലരയോടെ ഹെലികോപ്റ്ററിലാകും കന്യാകുമാരിയിലേക്ക് തിരിക്കുക. ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് വൈകിട്ടോടെ തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം. നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ഇന്ന് മുതൽ മൂന്നുദിവസത്തേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2019ലെ തിരഞ്ഞെടുപ്പ് കാലത്തും മോദി സമാനമായ രീതിയിൽ ധ്യാനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ സമുദ്രനിരപ്പിൽ നിന്ന് 11,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രുദ്രദാന ഗുഹയിൽ മോദി 17 മണിക്കൂർ ധ്യാനമിരുന്നു. ഗുഹയിൽ ധ്യാനമിരിക്കുന്ന ചിത്രം മോദി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തിരഞ്ഞെടുപ്പ് അവസാനിക്കും മുമ്പേ, മോദിയുടെ ‘ധ്യാനചിത്രം’ വലിയ രാഷ്ട്രീയ ചർച്ചക്കും വഴിവെച്ചിരുന്നു. വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് ആദ്യമായാണ്.
Discussion about this post