പുണെ: മദ്യലഹരിയിൽ 17കാരൻ ഓടിച്ച ആഢംബരക്കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിയുടെ രക്തത്തിനു പകരം അധികൃതർ പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് പൊലീസ്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കാണ് അമ്മയുടെ രക്തം മാറ്റി നൽകിയതെന്ന് പോലിസ് അറിയിച്ചു. പുണെയിലെ സസൂൺ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്കുശേഷം പ്രതി മദ്യപിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോർട്ട്.
അതേസമയം, രക്ത സാംപിൾ മാറ്റിയതിന് ആശുപത്രിയിലെ ഫൊറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്ഡെ, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ ഡോ. ശ്രീഹരി ഹാൽനോർ എന്നിവരെയും മറ്റൊരു ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു എന്നതാണ് കേസ്. ആല്‍ക്കഹോളിന്റെ അംശം 17കാരന്റെ ശരീരത്തില്‍ ഇല്ലെന്നതായിരുന്നു തുടക്കത്തിലെ രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

