എറണാകുളം: ബലാത്സംഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് നടിയുമായി ഉണ്ടായതെന്നാണ് ഒമർ ഹൈക്കോടതിയെ അറിയിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ 6 ലേക്ക് മാറ്റി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. നടിയുടെ പരാതിയിൽ സംവിധായകനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ വ്യക്തി വൈരാഗ്യം മൂലമുള്ള കേസെന്നാണ് ഒമർ ലുലു പറയുന്നത്. നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്നും അത് ഉപേക്ഷിച്ചതിലുള്ള ദേഷ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഒമർ ലുലുവിന്റെ വാദം. തന്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ഒമർ ലുലു അവകാശപ്പെടുന്നത്.

