കൊച്ചി: ഏതു മതത്തിന്റെയായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പാട്ട ഭൂമിയില്‍നിന്ന് കയ്യേറ്റക്കാരനെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷണന്റെ ഉത്തരവ്.
സര്‍ക്കാര്‍ ഭൂമി ഭൂമിയില്ലാത്തവര്‍ക്കും മനുഷ്യരാശിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതില്‍ ദൈവത്തിനു സന്തോഷമേ ഉണ്ടാവൂ. അങ്ങനെ ഉപയോഗിച്ചാല്‍ ദൈവം വിശ്വാസികള്‍ക്കു മേല്‍ അനുഗ്രഹം ചൊരിയുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അനധികൃത ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
കോര്‍പ്പറേഷനു പാട്ടത്തിനു നല്‍കിയ ഭൂമി അളന്നുതിരിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ക്കാണ് ഇതിന്റെ ചുമതലയെന്ന് കോടതി പറഞ്ഞു. പരിശോധനയില്‍ ഏതെങ്കിലും മത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചതായി കണ്ടെത്തിയാല്‍ ജില്ലാ കലക്ടര്‍ അത് ഒഴിപ്പിക്കണം. ഒരു വര്‍ഷത്തിനകം വിധി നടപ്പാക്കി കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Discussion about this post