കോഴിക്കോട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. പരപ്പാറ സ്വദേശികളായ മുഹമ്മദ് ആസിഫ്, സച്ചിൻ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. യുവാക്കൾ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അവധിയിലായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. തന്ത്രപൂർവ്വം കുപ്പികൾ കൈക്കലാക്കുന്നതും അരയിലേക്ക് തിരുകി കയറ്റുന്നതുമുൾപ്പെടെ സിസിടിവി ദൃശ്യത്തിൽ കാണാം. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം നടന്നത്.

