ന്യൂഡല്‍ഹി: ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രവ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ഇന്ത്യ ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ മൂന്നുദിവസമാണ് അനുവദിച്ചിരിക്കുന്നത്.
ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം നേരം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വിമാനംവൈകിയെന്നായിരുന്നു എയര്‍ ഇന്ത്യ അറിയിച്ചത്. പ്രശ്‌നം പരിഹരിച്ചപ്പോള്‍ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുമുണ്ടായെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചിരുന്നു.

