കണ്ണൂർ: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മട്ടന്നൂർ അഞ്ചരക്കണ്ടി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടിൽ ശശീന്ദ്രൻ (62)ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ ബി.എസ് സജൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂരിലെ ഒരു ഹോൾസെയിൽ വസ്ത്രാലയത്തിലേക്ക് വസ്ത്രം വാങ്ങിക്കാനെത്തിയതായിരുന്നു പരാതിക്കാരിയായ 42കാരി.
മുൻ പരിചയമുള്ളതിനാൽ ശശീന്ദ്രന്റെ ഓട്ടോയാണ് വാടകക്ക് വിളിച്ചത്. യുവതിക്കു പോകേണ്ട സ്ഥലത്തിന് പകരം വിമാനത്താവള റോഡിൽ കല്ലേരിക്കയയിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓട്ടോ ഓടിച്ചു പോവുകയും, ഓട്ടോ ഓടിക്കൊണ്ടിരിക്കെ യുവതിയെ കയറിപ്പിടിക്കുവാൻ ശ്രമിച്ചുവെന്നുമാണ് പരാതി . ഇതോടെ യുവതി പുറത്തേക്ക് ചാടി. ഇതിനിടയിൽ മറ്റൊരു വാഹനത്തിന്റെ ലൈറ്റ് കണ്ടതോടെ ശശീന്ദ്രൻ ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ യുവതി കൂത്തുപറമ്പിലെ ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസുകാരനായ ഭർത്താവുമായി അകന്നു കഴിയുകയാണ് യുവതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിയായ ശശീന്ദ്രനെ അറസ്റ്റ് ചെയ്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു

