ഹൈദരാബാദ് : പാടത്തു പണിയെടുക്കാൻ വിസമ്മതിച്ച ആദിവാസി വനിതയെ തടവിൽവച്ച് പീഡിപ്പിച്ച ശേഷം തീവച്ച കേസിൽ പാട്ടക്കൃഷിക്കാരനും യുവതിയുടെ സഹോദരിയും സഹോദരീഭർത്താവും അടക്കം നാലുപേർ അറസ്റ്റിൽ. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലാണ് സംഭവം. ജൂൺ 8 മുതൽ 19 വരെയാണ് യുവതിയെ തടവിലിട്ടു പീഡിപ്പിച്ചത്.
സംഭവത്തെപ്പറ്റി പൊലീസ് വിശദീകരിക്കുന്നത് :
പാടത്തു പാട്ടക്കൃഷി നടത്തിയിരുന്ന വെങ്കടേഷ് എന്നയാളോട് യുവതിയും സഹോദരിയും പണം കടംവാങ്ങിയിരുന്നു. പാടത്തു പണിയെടുത്ത് വീട്ടാം എന്നായിരുന്നു കരാർ. എന്നാൽ കുറച്ചു ദിവസം പണിയെടുത്ത ശേഷം സഹോദരിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി ജോലിയവസാനിപ്പിച്ചു പോയി. വെങ്കടേഷും സഹായികളും അവരെ പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് മർദിച്ച് മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേക്കുകയും സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. സഹോദരിയുടെയും ഭർത്താവിന്റെയും ഒത്താശയോടെയായിരുന്നു അക്രമം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘമാണ് യുവതിയെ രക്ഷിച്ചത്. സ്വകാര്യഭാഗങ്ങളിലുൾപ്പെടെ പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിലാണ്
Discussion about this post