ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്രിവാള് സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്.
അതെ സമയം , സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കേജ്രിവാള് പിൻവലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും.സിബിഐ സമർപ്പിച്ച പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കേജ്രിവാളിന് ഇനി പുറത്തിറങ്ങാനാവൂ.
എഎപി സർക്കാർ പുതിയ മദ്യനയം രൂപീകരിക്കുന്നതിന് മുന്‍പ്, മദ്യനയത്തിലെ വിവരങ്ങൾ സ്വകാര്യ മദ്യക്കമ്പനികളിൽ പലരും അറിഞ്ഞത് വൻ കോഴ ഇടപാടിന്റെ ഭാഗമാണെന്ന് സിബിഐ പറയുന്നു. കേസിലെ മാപ്പുസാക്ഷിയും മുൻ എംപിയുമായ മകുന്ദ റെഡ്ഡിയുടെ മൊഴികൾ കേജ്രിവാളിനെതിരാണ്. പുതിയ മദ്യനയം എന്തായിരിക്കുമെന്ന് നേരത്തേതന്നെ സ്വകാര്യ കമ്പനി ഗ്രൂപ്പിലെ പ്രതിനിധികൾ അറിയുകയും 100 കോടി കോഴ നൽകുകയും ചെയ്തു എന്നും സിബിഐ അഭിഭാഷകൻ റോസ് അവന്യൂ കോടതിയെ അറിയിച്ചു.
Discussion about this post