തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. അതെ സമയം പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. കാലവർഷക്കെടുതിയിൽ ബുധനാഴ്ച 3 പേർ മരിച്ചു. 3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്ത് പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാരോടു കലക്ടർ നിർദേശിച്ചു. അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ തദ്ദേശ ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. കേന്ദ്ര ജല കമ്മിഷന്റെ മാടമൺ, അയിരൂർ –കുരുടാമണ്ണിൽ എന്നിവിടങ്ങളിലെ കണക്കനുസരിച്ചു പമ്പാനദിയിലെ ജലനിരപ്പ് അപകടമേഖല കടന്നു. കല്ലൂപ്പാറയിലെ കണക്കനുസരിച്ച് മണിമലയാറ്റിലെ ജലനിരപ്പും അപകട മേഖലയ്ക്കും മുകളിലാണ്. രണ്ട് നദികളിലും കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ ഇടുക്കിയില്‍ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി
Discussion about this post