കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ വാർഷിക യോഗം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. പുതിയ ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു മത്സരം നടക്കും.
ജനറൽ സെക്രട്ടറിയാകാൻ സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു മത്സരിക്കുന്നത്. രണ്ടു വൈസ് പ്രസിഡന്റുമാരുടെ ഒഴിവിലേക്കു 3 പേർ രംഗത്തുണ്ട്; ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേർ മത്സരിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല.
അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. വൈസ് പ്രസിഡന്റ് പദവിയിലേക്ക് രണ്ടു സ്ത്രീകൾ മത്സരിക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം ആയതിനു ശേഷമാകും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്ര സ്ത്രീകൾ ഉണ്ടാവണം എന്നു നിശ്ചയിക്കുക. സംഘടനയിൽ അംഗങ്ങളായ 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്. വരുന്ന 3 വർഷത്തേക്കുള്ള അമ്മയുടെ ഭാവി പരിപാടികളും കൈനീട്ടം, സാന്ത്വനസ്പർശം പോലുള്ള ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. വോട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയിട്ടില്ല

