കൊച്ചി: സ്കൂളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കണോ എന്ന കാര്യത്തിൽ സ്കൂൾ അധികൃതർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂർ പട്ടാനൂരിലുള്ള കെപിസി എച്ച്എസ്എസ് സ്കൂൾ അധികൃതരുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.
സ്കൂൾ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ വേണോ എന്ന കാര്യവും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. സ്കൂൾ അധികൃതർ എടുക്കുന്ന തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ അത് വിദ്യാഭ്യാസ വകുപ്പ് നൽകണം. ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. കേസിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
തങ്ങളുടെ സ്കൂള്‍ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്നതും സ്കൂളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു വെങ്ങാട്ടേരി, മാനേജർ മനോഹരൻ അണ്ടിയങ്കാണ്ടി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post