തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളം കയറിയതോടെ നാളത്തെ ട്രെയിനുകൾ ഭാഗികമായി നിർത്തി. പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകളാണ് ഭാഗികമായി റദ്ദാക്കിയത്.
വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.
ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ.
ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ – കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക.
ഷൊർണൂർ – തൃശൂർ (06461), ഗുരുവായൂർ – തൃശൂർ (06445), തൃശൂർ – ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. ഇന്ന്
രാത്രി ഗുരുവായൂർ – ചെന്നൈ എഗ്മൂർ (16128) എക്‌സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.
കഴിഞ്ഞ ദിവസം വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുമിടയിൽ പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ജനശതാബ്ദി ഉൾപ്പെടെ 14 ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു. നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. വന്ദേഭാരതുകളടക്കം നിരവധി ട്രെയിനുകൾ വൈകിയാണ് ഓടിയത്. വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുമിടയിൽ അകമലയിൽ ട്രാക്കിലെ കല്ലും മണ്ണുമടക്കം വെള്ളത്തോടൊപ്പം ഒലിച്ചുപോവുകയായിരുന്നു.

